കോഴിക്കോട് : സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസിന്റെ പ്രചാരണത്തിൽ പങ്കാളികളാകാത്ത കുടുംബശ്രീ അംഗങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി. ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബലരാമനാണ് കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങളെ അഞ്ച് മിനുട്ട് നീണ്ടുനിൽക്കുന്ന വാട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയത്. എ.ഡി.എസ് ജനറൽ ബോഡി അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഇയാൾ ശബ്ദസന്ദേശമയച്ചത്. നവകേരള സദസിന്റെ പ്രചാരണത്തിൽ പങ്കെടുത്തോ എന്ന് നോക്കിയാവും മസ്റ്റർറോളിൽ പേര് ചേർക്കുകയെന്നും ഇയാൾ പറയുന്നു.
നവകേരള സദസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട ജനറൽ ബോഡിയിലും പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിലും കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ പങ്കെടുക്കണമെന്നും ഭീഷണിയുണ്ട്. 24,25,26 തീയതികളിലായാണ് കോഴിക്കോട് ജില്ലയിൽ നവകേരള സദസ് നടക്കുന്നത്. ഇതിനോടനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച വിളിച്ച ജനറൽ ബോഡി യോഗത്തിൽ 90 പേർ പങ്കെടുക്കേണ്ടിയിരുന്നിടത്ത് 10 പേർ മാത്രമാണ് പങ്കെടുത്തത്. അടുത്ത ജനറൽ ബോഡി യോഗത്തിൽ മുഴുവൻ പേരും നിർബന്ധമായും പങ്കെടുക്കണമെന്നും ഇയാൾ വാട്സാപ് സന്ദേശത്തിൽ അറിയിച്ചു.
പ്രചാരണ പരിപാടികളിൽ പങ്കെടുക്കാതെ മസ്റ്റർ റോളിൽ പേരില്ലെന്ന പരാതിയും കൊണ്ട് തന്നെ സമീപിക്കരുതെന്നും ഭീഷണിയുണ്ട്. ഭീഷണി സന്ദേശം പുറത്തായതോടെ ഇന്നലെത്തന്നെ വിശദീകരമണവുമായി ഇയാൾ രംഗത്തെത്തി. അംഗങ്ങൾ എല്ലാവരും പങ്കെടുക്കണമെന്ന് കരുതി കർശനമായി പറയുക മാത്രമാണ് ചെയ്തതെന്നാണ് ബലരാമന്റെ വിശദീകരണം. ആരെയും നിർബന്ധിച്ചിട്ടില്ല. ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ സന്ദേശം പിൻവലിക്കുമെന്നും ബലരാമൻ പറഞ്ഞു. ഉള്ളിയേരി പഞ്ചായത്ത് നാലാം വാർഡിൽ നിന്നുള്ള സി.പി.എം അംഗമാണ് ബലരാമൻ.