ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ അപ്രതീക്ഷിത ജയവുമായി ഒന്നാം സ്ഥാനത്ത് ലീഡുയർത്തി ഹരിയാന. പഞ്ചാബിനെതിരെ 37 റൺസ് ജയവുമായി ഹരിയാന പോയൻറ് പട്ടികയിൽ 19 പോയൻറുമായി ഒന്നാം സ്ഥാനത്ത് ലീഡുയർത്തി.
ആദ്യ ഇന്നിംഗ്സിൽ ഹരിയാനയെ 114 റൺസിന് എറിഞ്ഞിട്ട പഞ്ചാബ് ബൗളർമാർ വിജയപ്രതീക്ഷ ഉയർത്തിയിരുന്നു. എന്നാൽ പഞ്ചാബിൻറെ ഒന്നാം ഇന്നിംഗ്സ് 141 റൺസിൽ അവസാനിപ്പിച്ച ഹരിയാന തിരിച്ചടിച്ചു. കൂറ്റൻ ലീഡ് വഴങ്ങാതിരുന്ന ഹരിയാന രണ്ടാം ഇന്നിംഗ്സിൽ 243 റൺസടിച്ചപ്പോൾ 216 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് 179 റൺസിന് ഓൾ ഔട്ടായി 37 റൺസിൻറെ തോൽവി വഴങ്ങി.
ജയത്തോടെ നാലു കളികളിൽ രണ്ട് ജയവും രണ്ട് സമനിലയുമായി 19 പോയൻറ് സ്വന്തമാക്കിയാണ് ഹരിയാന ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഉത്തർപ്രദേശിനെതിരെ വിജയപ്രതീക്ഷയുള്ള കേരളം മൂന്ന് കളികളിൽ ഒരു ജയവും രണ്ട് സമനിലകളുമായി എട്ട് പോയൻറോടെ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള കർണാടകക്കും എട്ട് പോയൻറുണ്ടെങ്കിലും മികച്ച നെറ്റ് റൺറേറ്റിൻറെ കരുത്തിലാണ് കേരളം രണ്ടാം സ്ഥാനം നിലനിർത്തിയത്.
ബംഗാളിനെതിരായ മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 80 റൺസിൻറെ ലീഡ് വഴങ്ങിയ കർണാടക രണ്ടാം ഇന്നിംഗ്ലിൽ 127-3 എന്ന സ്കോറിൽ പ്രതിരോധത്തിലാണെന്നത് കേരളത്തിന് പ്രതീക്ഷയാണ്. ഉത്തർപ്രദേശിനെതിരെ നാളെ ഇന്നിംഗ്സ് വിജയമോ 10 വിക്കറ്റ് വിജയമോ നേടിയാൽ കേരളത്തിന് ബോണസ് പോയൻറ് അടക്കം ഏഴ് പോയൻറ് ലഭിക്കും. ഇതുവഴി കേരളത്തിന് 15 പോയൻറുമായി രണ്ടാം സ്ഥാനം ഉറപ്പിക്കാനാവും. അതേസമയം കേരളത്തിന് ഭീഷണിയായി മൂന്നാം സ്ഥാനത്തുള്ള കർണാടക ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയതിനാൽ ബംഗാളിനെതിരെ ജയിച്ചാൽ മാത്രമെ ആറ് പോയൻറ് ലഭിക്കു.
സമനിലയായാൽ ബംഗാളിന് ഒന്നാം ഇന്നിംഗ്സ് ലീഡിൻറെ കരുത്തിൽ മൂന്ന് പോയൻറും കർണാടകക്ക് ഒരു പോയൻറുമാവും ലഭിക്കുക. ബംഗാളിന് അഞ്ച് പോയൻറാണ് നിലവിലുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാർട്ടറിലേക്ക് മുന്നേറുക എന്നതിനാൽ കേരളവും ഹരിയാനയും തമ്മിലുള്ള അടുത്ത മത്സരമാവും ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിർണയിക്കുന്നതിൽ നിർണായകമാകു.#CRICKET