ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷമുള്ള ബി സി സി ഐ റിവ്യൂ മീറ്റിങ്ങിൽ യുവ താരം സർഫറാസ് ഖാനെതിരെ ഹെഡ് കോച്ച് ഗൗതം ഗംഭീർ രംഗത്ത്. ഡ്രസിങ് റൂമിലെ രഹസ്യങ്ങൾ പുറത്തേക്ക് ചോർത്തി എന്നതാണ് ആരോപണം. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഒരു മത്സരത്തിന് പോലും താരത്തെ പരിഗണിച്ചിരുന്നില്ല. മോശം ഫോം കാരണം സർഫറാസിനെ പൂർണമായും അവഗണിച്ചു പകരം നിതീഷ് കുമാർ റെഡ്ഢിയെ ആണ് ടീമിൽ ഉൾപ്പെടുത്തിയത്.
ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ പ്രകടനം മോശമായിരുന്നു. അതിനെ സംബന്ധിച്ചു ധാരാളം വാർത്തകളും വന്നിരുന്നു. പരമ്പര 2-1 എന്ന നിലയിൽ ഓസീസ് ലീഡ് ചെയ്തു നില്കുമ്പോളാണ് ഗംഭീർ ഡ്രസിങ് റൂമിൽ നടത്തിയ അഭിപ്രായപ്രകടനങ്ങൾ പുറം ലോകം അറിഞ്ഞത്. സീനിയർ താരങ്ങൾ വേണ്ട രീതിയിൽ ടീമിന് വേണ്ടി പ്രവർത്തിക്കുന്നില്ല. പലപ്പോഴും യുവതാരങ്ങളാണ് ടീമിനെ തകർച്ചയിൽ നിന്നും രക്ഷിക്കുന്നത്. സീനിയർ താരങ്ങൾ ആണെങ്കിൽ പോലും ടീമിന് വേണ്ടി നല്ല പ്രകടനം കാഴ്ച വെക്കാത്തവരെ ടീമിൽ നിന്നും ഒഴിവാക്കും, താനും ഇക്കാരണത്താൽ ധാരാളം വിമർശനം കേൾക്കുകയാണ് എന്നൊക്കെയായിരുന്നു ഗംഭീറിന്റെ വാക്കുകൾ.
ടീമിന്റെ ഹെഡ് കോച്ച് തന്നെ സർഫറാസിനെതിരെ വന്നിരിക്കുന്നതിനാൽ ഗംഭീര്‍ പരിശീലകനായി ഇരിക്കുന്നിടത്തോളം കാലം സര്‍ഫറാസ് ഇന്ത്യക്കായി കളിക്കാന്‍ സാദ്ധ്യതകൾ കുറവെന്നെന്നാണ് മനസിലാക്കുന്നത്. ഇത് സര്‍ഫറാസിന്‍റെ കരിയറിനെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം. ഓസീസ് പര്യടനത്തിൽ നേരിട്ട കനത്ത തോൽവിയോടെ ഗംഭീറിന്റെ ഹെഡ് കോച്ച് പദവിയും തുലാസിലാണ്.