പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.. പത്തനംതിട്ടയിലെ നവകേരള സദസ്സിനിടയിലെ വാർത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.. കേരളത്തിലെ സമാധാനാന്തരീക്ഷത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുകയാണ്. ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ സ്വീകരിച്ച നടപടി പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതാണ്. ആർഎസ്എസ് എന്ന യോഗ്യത പരിഗണിച്ചാണ് നിയമനം നടത്തിയത്. യോഗ്യതയുള്ളവരെ മാറ്റി യോഗ്യതയില്ലാത്തവരെ നിയമിച്ചു. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല ഗവർണർ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
”ഗവർണറെ കുറിച്ചുള്ള ജസ്റ്റിസ് നരിമാന്റെ പരാമർശം തന്നെ ഇതിന് വ്യക്തമാണ്. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവർണറുടേത്. കേന്ദ്രത്തിന്റെ സഹായത്തിലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആർഎസ്എസ് നിർദേശമാണ് ഗവർണർ അനുസരിച്ചത്. വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് അക്കാര്യത്തിലാണ്”- മുഖ്യമന്ത്രി പറഞ്ഞു.
”പ്രതിഷേധിക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവർണർ ഉപയോഗിക്കുന്നത്. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല. ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.