കിഫ്ബി റോഡുകളിൽ ടോൾ കൊണ്ടുവരാനുള്ള നീക്കം നിയമസഭയിൽ. കിഫ്ബിയുടെ പേരിൽ കെ-ടോൾ പിരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി പദ്ധതികൾ നിലയ്ക്കുന്നുവെന്നതിൽ പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി.
കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ റോജി എം ജോൺ ആരോപിച്ചു. ഒന്നാം പിണറായി സർക്കാർ പതിനായിരം കോടിയുടെ പദ്ധതി മാത്രമാണ് നടപ്പാക്കിയത്. ഇത് വരെ പൂർത്തിയായത് 18,000 കോടിയുടെ പദ്ധതി മാത്രമാണ്. ഒച്ചിഴയുന്ന വേഗത്തിലാണ് കിഫ്ബി വഴിയുള്ള വികസനം. കിഫ്ബി റോഡുകളിലൂടെ ഇനി കെ ടോളുകളും സംസ്ഥാനത്ത് വരുമെന്നാണ് വിവരം. കേരളത്തിലെ ഒരു പാലത്തിനും റോഡിനും ടോൾ ഉണ്ടാകില്ലെന്നായിരുന്നു കിഫ്ബിയുടെ പിതാവ് തോമസ് ഐസക് നിയമസഭയിൽ പറഞ്ഞിരുന്നത്. ഇപ്പോൾ സ്ഥിതി മാറുകയാണ്. നികുതി വരുമാനം ആണ് കിഫ്ബിയിലേക്ക് വകമാറ്റുന്നത്. ഇടത് മുന്നണിയിൽ പോലും അഭിപ്രായ ഐക്യമില്ലെന്നും എന്താണ് കിഫ്ബി ടോളിൽ ഇടത് നയമെന്നും റോജി എം ജോൺ ചോദിച്ചു.
പ്രതിപക്ഷ നേതാവ് പിഡബ്ല്യുഡിയുടെ നിർമ്മാണത്തിൻ്റെ പത്തിലൊന്ന് വേഗത കിഫ്ബിക്ക് ഇല്ലായെന്ന് കുറ്റപ്പെടുത്തി. ട്രിപ്പിൾ ടാക്സ് പിരിക്കാനാണ് സർക്കാരിൻ്റെ നീക്കമെന്നും ടോൾ പിരിക്കാനുള്ള നീക്കം നീതിരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.