സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പല ബുദ്ധിമുട്ടുകളും പ്രത്യേകിച്ച് അതിക്രൂരമായ ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെ ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രതിക്കൂട്ടിൽ നിൽക്കുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷം ഈ റിപ്പോര്‍ട്ട് പുറത്തു വിടാതിരുന്ന സാംസ്‌കാരിക വകുപ്പും സര്‍ക്കാരും കൂടിയാണ്. കമ്മിഷന്‍ കണ്ടെത്തലുകളെക്കുറിച്ചു പഠിക്കാന്‍ മറ്റൊരു സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും അത്കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല . കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പുറത്തുവന്ന കാര്യങ്ങള്‍ അറിഞ്ഞതോടെ കേരളം ഒന്നടങ്കം ലജ്ജിച്ചു പലതാഴ്ത്തുകയാണ് , സ്വകാര്യത എന്നൊരു പുറംമോടിയുടെ പേരില്‍ രഹസ്യമാക്കി വച്ചിരിക്കുന്ന പല പ്രശ്നങ്ങളും എത്രമാത്രം ഗൗരവം അർഹിക്കുന്ന വിഷയമാണെന്ന് വ്യക്തമാണ്.
ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് ഒരു റിട്ട.ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സമിതി കാസ്റ്റിങ് കൗച്ച്, നഗ്നതാ പ്രദര്‍ശനം, ലൈംഗിക ചൂഷണം, സൈബര്‍ ആക്രമണം തുടങ്ങി ഗുരുതരമായ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അതിനെതിരെ വേണ്ട നടപടിയെടുക്കാൻ സര്‍ക്കാര്‍ തയാറായില്ല.
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം വിവാദമായതിനു പിന്നാലെയാണ്, സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 2017 ജൂലൈ ഒന്നിന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുതിര്‍ന്ന നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവര്‍ അംഗങ്ങളായിരുന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണവും കമ്മിഷന്റെ നിയമനത്തിനു കാരണമായിരുന്നു. സിനിമാ മേഖലയിലെ വിവിധ വിഭാഗങ്ങളില്‍പെട്ട നിരവധി ആളുകളുമായി നേരിട്ടു സംസാരിച്ച് മൊഴികള്‍ രേഖപ്പെടുത്തി 2019 ഡിസംബര്‍ 31നാണ് കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്. അന്നു തൊട്ട് ഇങ്ങോട്ട് റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയ സര്‍ക്കാര്‍ പക്ഷേ കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളും നടപ്പാക്കി സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഒരു തരത്തിലുള്ള നടപടികളും സ്വീകരിക്കാന്‍ തയാറായില്ല.
പല ഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടായപ്പോള്‍ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചു. ചലച്ചിത്ര അക്കാമദി സെക്രട്ടറി സി.അജോയിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി ഇതുവരെ ഒരു തവണ പോലും സിറ്റിങ് നടത്തിയിട്ടില്ല. തങ്ങൾ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ജനങ്ങൾ അറിയണമെന്നും ആ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം ഉണ്ടാകണമെന്നും അതിനായി വേണ്ട നടപടികൾ എടുക്കണം എന്നും ആഗ്രഹിച്ച സിനിമാ രംഗത്തുള്ള നിരവധി സ്ത്രീകളാണ് ഹേമ കമ്മിഷനു മുന്നില്‍ ഏറെ ദുഖത്തോടെ എല്ലാം തുറന്നു പറയാൻ തയാറായത്. സിനിമയെന്ന മായികലോകത്തിനു പിന്നിലെ അതിപ്രാകൃതമായ ദുരിതസത്യങ്ങള്‍ കേട്ട് ഞെട്ടിപ്പോയെന്നാണ് ജസ്റ്റിസ് ഹേമ തന്നെ തന്റെ റിപ്പോര്‍ട്ടില്‍ കുറിച്ചിരിക്കുന്നത്. കേട്ടറിഞ്ഞതും അന്വേഷിച്ചറിഞ്ഞതും എല്ലാം ചേര്‍ത്ത് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി.
മലയാള സിനിമയെ ഇരുണ്ട ശക്തികളില്‍ നിന്നു മോചിപ്പിക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളായി ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കാണുന്നതിനു പകരം വലിയ തോതിലുള്ള തലവേദനയായി സര്‍ക്കാര്‍ അതിനെ കണക്കാക്കിയെന്നതാണ് ദൗര്‍ഭാഗ്യകരമായത്. 2021 അവസാനം വരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു ആദ്യ പിണറായി സര്‍ക്കാര്‍. രണ്ടാം പിണറായി സര്‍ക്കാരാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ മറ്റൊരു സമിതിയെ നിയോഗിച്ചത്. വനിതാ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും മുഖംതിരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി തവണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിവരാവകാശ കമ്മിഷന്‍ അംഗീകരിച്ചില്ല. നിരന്തരമായ അപ്പീലുകള്‍ക്കൊടുവില്‍ വിവരാവകാശ കമ്മിഷണറായ ഡോ.എ.എ.അബ്ദുൽ ഹക്കീമാണ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പിന്നീട് നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി കൂടി അനുകൂലമായെങ്കിലും സ്വകാര്യത പരിഗണിച്ച് അധികൃതര്‍ സെന്‍സര്‍ ചെയ്തതിന്റെ ബാക്കിയുള്ള ഭാഗങ്ങളാണ് ജനങ്ങള്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ നടപടി ഉണ്ടായാല്‍ സിനിമാ മേഖലയില്‍ മെച്ചപ്പെട്ട സുരക്ഷിതത്വവും തൊഴില്‍ സാഹചര്യവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു പറയുന്നു. എന്തെങ്കിലും തുടര്‍നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.