പ്രഥമ ഖോ ഖോ ലോകകപ്പിൽ സമ്പൂർണ ഇന്ത്യൻ ആധിപത്യം. പുരുഷ, വനിതാ ലോകകപ്പ് ഫൈനലുകളിൽ നേപ്പാളിനെ തകർത്താണ് ഇന്ത്യ ചാമ്പ്യന്മാരായത്. പുരുഷന്മാർ 54-36 എന്ന സ്കോറിന് നേപ്പാളിനെ വീഴ്ത്തിയപ്പോൾ വനിതകൾ 78-40 എന്ന സ്കോറിനാണ് വിജയിച്ചത്.
വനിത ടീം ഫൈനൽ മത്സരത്തിൽ ആധികാരികമായാണ് മുന്നേറ്റം നടത്തിയത്. ആദ്യ ടേണിൽ 34 പോയിന്റ് സ്വന്തമാക്കാൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞു. രണ്ടാം ടേണിൽ നേപ്പാൾ തിരികെവരാണ് ശ്രമിച്ചുവെങ്കിലും ആദ്യ പകുതിയിൽ 35-24 എന്ന സ്കോറിലേക്ക് മത്സരം മാറി.മൂന്നാം ടേണിൽ വീണ്ടും ഇന്ത്യൻ വനിതകൾ പോരാട്ടവീര്യം ഉയർത്തിയപ്പോൾ 73-24 എന്നായിരുന്നു നേപ്പാളിനെതിരെയുള്ള സ്കോർ. നാലാം ടേണിൽ 78-40 എന്ന സ്കോറിൽ ഇന്ത്യ ലോകകിരീടവും സ്വന്തമാക്കി.
തോൽവി അറിയാതെയാണ് പുരുഷ ഫൈനലിൽ ഇന്ത്യ എത്തിയത്. നേപ്പാളാകട്ടെ എതിരാളികളെയെല്ലാം മിന്നും പ്രകടനത്തിലൂടെ നിഷ്പ്രഭമാക്കി ഫൈനലിൽ പ്രവേശിച്ചു. പുരുഷ ഫൈനലിൽ ആദ്യ ടേണിൽ ഇന്ത്യ 26-0 എന്ന സ്‌കോറിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. രണ്ടാം ടേണിൽ മികച്ച മത്സരം കാഴ്ച വെച്ച നേപ്പാൾ സ്കോർ 26-18 എന്ന നിലയിലെത്തിച്ചു. മൂന്നാം ടേണിൽ ആധിപത്യം ഉറപ്പിച്ചുകൊണ്ടു ഇന്ത്യ 54-18 എന്ന് ലീഡ് ഉയർത്തി. അവസാന ടേണിൽ 54-36 എന്ന സ്കോറിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കി.
ലോകകപ്പ് സ്വന്തമാക്കിയ ഇരു ടീമിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.