തിരുവനന്തപുരം: നിയമസഭ സമ്മേളനം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർ എ.എൻ. ഷംസീറിന് കത്ത് നൽകി. പാർലമെൻ്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണനും കത്ത് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കത്ത് നൽകിയത്.
ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെ.പി.സി.സിയുടെ രാഷ്ട്രീയ ജാഥ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കത്ത്.
ഫെബ്രുവരി 9 മുതൽ 25 വരെ ജാഥയിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സമ്മേളനം പുനക്രമീകരിക്കണം എന്നാണ് ആവശ്യം. ജനുവരി 25 ന് നിയമസഭ സമ്മേളനം തുടങ്ങാനാണ് മന്ത്രിസഭ യോഗം കഴിഞ്ഞദിവസം തീരുമാനിച്ചത്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ ആരംഭിക്കുക. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിനുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ബജറ്റിൻമേലുള്ള ചർച്ച് ഫെബ്രുവരി 5, 6 തീയതികളിൽ ക്രമീകരിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെ.പി.സി.സിയുടെ മാർച്ച് കണ്ടാണ് സർക്കാർ നിയമസഭ സമ്മേളനം ക്രമീകരിച്ചതെന്ന വിമർശനം പ്രതിപക്ഷത്തിനുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസഡന്റ് കെ. സുധാകരനും ചേർന്നാണ് സമരാഗ്നി എന്ന പേരിലുള്ള ജാഥ നയിക്കുന്നത്.
നിയമസഭ വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് മന്ത്രി സഭ കത്ത് നൽകിയതിനാൽ ഇനി തീയതി മാറ്റണമെങ്കിൽ നിയമസഭ കാര്യോപദേശക സമിതി ചേരേണ്ടതുണ്ട്. അതേസമയം, പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിക്കുമെന്നാണ് സൂചന.
Read More:- ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്