സംവിധായകൻ പ്രിയദര്‍ശനെതിരെ വീണ്ടും കെ.ടി ജലീല്‍. ദേശീയ പുരസ്കാരത്തില്‍ നിന്നും ഇന്ദിരാഗാന്ധിയുടെ നര്‍ഗീസ് ദത്തിന്‍റെയെും പേര് വെട്ടിയ സംഭവത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനെതിരെ വീണ്ടും വിമര്‍ശനവുമായി കെ.ടി ജലീല്‍. പേരുകൾ വെട്ടിമാറ്റാനുള്ള ശിപാർശ നൽകിയ കമ്മിറ്റിയിൽ മലയാളിയായ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായിയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നവാഗത സംവിധായകനുള്ള പുരസ്കാരത്തിനൊപ്പമുള്ള ഇന്ദിരാ ഗാന്ധിയുടെ പേരാണ് ഒഴിവാക്കിയത്. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരത്തിൽ നിന്നാണ് നര്‍ഗീസിന്‍റെ പേര് വെട്ടിയത്. പ്രിയദർശൻ ഉൾപ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടെ ശിപാർശകൾ വാർത്ത വിനിമയ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. സിനിമാ പുരസ്കാരത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും നർഗീസ് ദത്തിൻ്റെയും പേരുകൾ നീക്കം ചെയ്തത് വിവാദമായിരുന്നു.
കെ.ടി ജലീലിന്‍റെ കുറിപ്പ്
ഇന്ദിരാഗാന്ധിയേയും നർഗീസ്ദത്തിനെയും വെട്ടിമാറ്റിയവരിൽ പ്രിയദർശനും! ദേശീയ ഫിലിം അവാർഡുകളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിൻ്റെയും പേരുകൾ വെട്ടിമാറ്റാനുള്ള ശുപാർശ നൽകിയ കമ്മിറ്റിയിൽ മലയാളിയായ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി.
ഫാഷിസ്റ്റ് പ്രവണതകളെ എതിർക്കുന്നതിൽ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുൻപന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയിൽ നിന്ന് “വെട്ടിമാറ്റൽ സർജറിയിൽ” ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം.
ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാൻ പ്രിയദർശൻ ശ്രമിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നത് മലയാളികളിൽ ഉണ്ടാക്കിയ അമർഷം ചെറുതല്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു. “വിനാശകാലേ വിപരീത ബുദ്ധി” എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പ്രിയദർശാ നീയും!!!#kt-jaleel