ഷാരോൺ രാജ് കൊലക്കേസിൽ നടപ്പിലായത് കേരള പൊലീസിന്റെ മാസ്റ്റർ പ്ലാനാണ്. കേസിന്റെ ഗൗരവം ഒട്ടും ചോർന്ന് പോകാതെ, അന്വേഷം ശുഭമായി പര്യവസാനിച്ചതിന് പിന്നിൽ കേരള പൊലീസിന്റെ ഒരു മാസ്റ്റർ മൈന്റ് ഉണ്ട്. ആ പ്ലാൻ ആണ് ഈ കഥയിലെ കാമ്പും വഴിത്തിരിവും. നിയമങ്ങൾ ഏറെ സങ്കീർണമാണ്. ആ സങ്കീർണതകളെ ചുരുളഴിച്ച് വരച്ച് കാണിക്കുകയാണ് കോടതിമുറിക്കുള്ളിലെങ്കിൽ, ഇവിടെ അത്തരമൊരു നീക്കം നടത്തിയത് കേരള പൊലീസ് ആണ്.
തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിലെ ദേവിയോട് വില്ലേജിലെ പൂവമ്പിള്ളിക്കോണത്തെ ശ്രീനിലയം ആണ് കുറ്റകൃത്യത്തിന്റെ പ്രധാന ഭാഗം അരങ്ങേറിയ സ്ഥലം. അതിനാൽ തന്നെ സ്വാഭാവികമായും കേസിന്റെ അന്വേഷണ ചുമതല, തമിഴ്നാട് സർക്കിലേക്ക് വന്നുചേരുമായിരുന്നു. എന്നാൽ കേസ് തമിഴ്നാട്ടിലേക്ക് പോയാൽ കേസിന്റെ ഗൗരവസ്വാഭാവം മാറിപ്പോകുമോ എന്ന് കേരള പൊലീസ് ആശങ്കപ്പെട്ടു. ഈ ആശങ്കയാണ് പിന്നീട് വഴിത്തിരിവായത്. കേസ് കേരളത്തിൽ അന്വേഷിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥാർ നടത്തിയ ചർച്ചയിൽ, തട്ടിക്കൊണ്ട് പോകൽ വകുപ്പ് ചുമത്താൻ തീരുമാനിച്ചു. ഇതോടെ കേസ് കേരളത്തിൽ അന്വേഷിക്കട്ടെ എന്ന തീരുമാനത്തിലേക്ക് കോടതി എത്തുന്നതിലേക്ക് നയിച്ചു.
ഇപ്പോൾ ഗ്രീഷ്മയ്ക്ക വധശിക്ഷ വിധിച്ചതിന് പിന്നാലെ കേസിൽ ചുമത്തപ്പെട്ട വകുപ്പുകൾ ചർച്ചയായി മാറുകയാണ്. ശിക്ഷ വിധീയിൽ തട്ടിക്കൊണ്ട് പോകൽ എന്ന കുറ്റത്തിന് കോടതി ശിക്ഷ നൽകിയിട്ടുണ്ട്. തമിഴ്നാട് പൊലീസ് അന്വേഷിക്കേണ്ടിയിരുന്ന കേസ് കേരളപൊലീസിന്റെ കൈകളിലെത്തിയത്, തട്ടിക്കൊണ്ട് പോകൽ വകുപ്പ് ചുമത്തിയതിനാലാണ്.
പ്രതി ഗ്രീഷ്മ ഷാരോണിനെ ഫോണിൽ വിളിച്ച് വരുത്തിയാണ് പാറശാലയിൽ നിന്നും കന്യാകുമാരി ജില്ലയിലെ വീട്ടിലേക്കെത്തിച്ചത്. വീട്ടിൽ അമ്മയും അമ്മാവനും ഇല്ലെന്ന് പറഞ്ഞായിരുന്നു ഗ്രീഷ്മ ഷാരോണിനെ വിളിച്ച് വരുത്തിയത്. ഗ്രീഷ്മയുടെ ഈ നീക്കമാണ് തട്ടിക്കൊണ്ട് പോകൽ ആയി കേരളപൊലീസ് കണക്കാക്കിയത്. കുറ്റകൃത്യത്തിന്റെ തുടക്കം കേരളത്തിൽ നിന്നുമാണ് എന്ന് സ്ഥാപിക്കാനും തുടർന്ന് അന്വേഷണത്തിലേക്ക് പ്രവേശിക്കാനും പിന്നീട് കേരളപൊലീസിന് കഴിഞ്ഞു. പിന്നീടുള്ള അന്വേഷണത്തിൽ ഈ തട്ടിക്കൊണ്ട് പേകൽ കൊലപാതകത്തിലേക്ക് നയിച്ചു എന്ന് തെളിയിക്കാനും അന്വേഷണ സംഘത്തിനായി.. ഗ്രീഷ്മയുടെ ഫോൺവിളിക്ക് മുൻപ് തന്നെ കഷായത്തിൽ കലർത്താനുള്ള വിഷം ഗ്രീഷ്മയുടെ കയ്യിൽ ഉണ്ടായിരുന്നുവെന്നും കൊലപ്പെടുത്താൻ നേരത്തേ തീരുമാനിച്ചുവെന്നും തെളിയിച്ചു. തട്ടിക്കൊണ്ടുപോകൽ വകുപ്പില്ലാതെ കൊലപാതകം മാത്രമായിരുന്നുവെങ്കിൽ അന്വേഷണച്ചുമതല തമിഴ്‌നാട് പൊലീസിന് ലഭിക്കുമായിരുന്നു.