എൽ ഡി എഫ് വിട്ട് ത്രിണമൂൽ കോൺഗ്രസിൽ അംഗമായ പി വി അൻവർ, MLA സ്ഥാനം രാജി വെച്ചു. MLA എന്ന നിലയിൽ അയോഗ്യത നേരിടും എന്ന പശ്ചാത്തലത്തിലാണ് രാജി വെച്ചത്. ഇന്ന് രാവിലെ സ്‌പീക്കറെ കണ്ടു നേരിട്ട് രാജി സമർപ്പിക്കുകയായിരുന്നു. സ്പീക്കർ രാജി സ്വീകരിച്ച സാഹചര്യത്തിൽ നിലമ്പൂർ മണ്ഡലം ഉപതെരെഞ്ഞെടുപ്പിലേക്കു നീങ്ങും. രാജി പ്രഖ്യാപനത്തിന് ശേഷമാണ് ത്രിണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ ആയുള്ള പ്രഖ്യാപനം നടന്നത്.
നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിക്ക് നിരുപാധികമായ പിന്തുണ നൽകുമെന്നും അൻവർ തിരുവനന്തരതപുരത്ത് വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരായ പരാമർശം പൊളിറ്റിക്കൽ സെക്രെട്ടറിയായ പി ശശിയുടെ നിർദേശപ്രകാരമായിരുന്നു എന്ന് അൻവർ വെളിപ്പെടുത്തി. അതിന്മേൽ ഖേദവും പ്രകടിപ്പിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മലയോര മേഖലയുടെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞ വി എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്നും യു ഡി എഫിനോട് അൻവർ അഭ്യർത്ഥിച്ചു. ആര്യാടൻ ഷൗക്കത്താണ് സ്ഥാനാർഥി എങ്കിൽ നിരുപാധികമുള്ള ഈ പിന്തുണ ഉണ്ടാകാൻ സാധ്യതയില്ല എന്നും അൻവർ കൂട്ടിച്ചേർത്തു. എ കെ ജി സെന്ററിന്റെ മുന്നിൽ ചുവപ്പു കൊടി ഉയർത്തി കാവിക്കൊടിക്ക് വേണ്ടി പ്രവർത്തിക്കുന്ന സാഹചര്യമാണ് ഇപ്പോളെന്നും പിണറായിസം കേരളത്തിൽ അവസാനിപ്പിക്കുന്നതിനുള്ള അവസാനത്തെ ആണിയാണ് നിലമ്പുർ ഉപതെരെഞ്ഞെടുപ്പെന്നും അൻവർ പറഞ്ഞു.