മുക്കം: പഞ്ചായത്ത് റോഡിന് സമീപത്തെ പറമ്പിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ്-തോണ്ടയിൽ റോഡരികിലെ പറമ്പിൽനിന്നാണ് കൂട്ടിയിട്ടനിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. ഞായറാഴ്ച വൈകീട്ട് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മുക്കം എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എട്ടു പെട്ടികളിൽനിന്നായി എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി.
ആറു പെട്ടികൾ പൊളിക്കാത്തതും രണ്ടു പെട്ടികൾ പൊളിച്ച നിലയിലുമായിരുന്നു. ജനവാസ മേഖലയിൽ സുരക്ഷയില്ലാതെ സ്ഫോടകവസ്തുക്കൾ കൂട്ടിയിട്ട സംഭവത്തിൽ നാട്ടുകാർ ആശങ്കയിലാണ്. നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയിൽ ക്വാറികളിലേക്ക് കൊണ്ടുവന്ന സാധനങ്ങളാണ് ഇവയെന്നാണ് കരുതുന്നത്.