ഡൽഹി: സന്ദർശക പാസിലെത്തി ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടി ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർക്ക് പാസ് നൽകിയത് ബി.ജെ.പി എം.പി. മൈസൂർ കുടക് എം.പി പ്രതാപ് സിംഹ ഒപ്പിട്ട പാസാണ് അക്രമികൾ ഉപയോഗിച്ചത്. സാഗർ ശർമ എന്ന പേരിലാണ് പാസ് നൽകിയത്.
പാർലമെന്റിന് അകത്തു നിന്നും പുറത്തു നിന്നുമായി ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശ് സ്വദേശികളാണ് പിടിയിലായതെന്നാണ് സൂചന. ഖാലിസ്താൻ വാദികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ലോക്സഭയിൽ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവങ്ങൾ നടക്കുന്നത്.
സന്ദർശക ഗ്യാലറിയിൽ നിന്ന് രണ്ടുപേർ താഴേക്ക് ചാടുകയായിരുന്നു. ഭരണപക്ഷ എം.പിമാർ ഇരിക്കുന്ന ഭാഗത്താണ് ചാടിയത്. സുരക്ഷ സേന ഉദ്യോഗസ്തരും എം.പിമാരും ചേർന്ന് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഷൂവിലൊളിപ്പിച്ച കളർ സ്മോക്ക് സ്പ്രേ പൊട്ടിക്കുയായിരുന്നു. സഭാഹാളിലാകെ മഞ്ഞ നിറം പടർന്നതോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികളായ രണ്ടുപേരെ പിടികൂടി. സഭ നടപടികൾ നിർത്തിവെച്ചെങ്കിലും രണ്ടുമണിക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു.
ഇതിനിടെ പാർലമെൻറിന് പുറത്തും കളർബോംബ് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഭാരത് മാതാ കീ ജയ്, ജയ് ഭീം എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അൻമോൽ, നീലം എന്നീപേരുകളിലുള്ള രണ്ടുപേരാണ് പുറത്ത് നിന്ന് പിടിയിലായത്.