ആലപ്പുഴ: വന്ദേ ഭാരതിന്റെ വരവോടെ എറണാകുളം – ആലപ്പുഴ പാസഞ്ചർ ട്രെയിനിന്റെ സമയത്തിലുണ്ടായ മാറ്റത്തിൽ പ്രതിഷേധിച്ച് ട്രെയിൻ യാത്രക്കാർ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി യാത്രചെയ്ത് പ്രതിഷേധിച്ചു. ഫ്രണ്ട്സ് ഓൺ റെയിൽ എന്ന യാത്രക്കാരുടെ കൂട്ടായ്മയിലെ ഒരു വിഭാഗം ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. എ.എം.ആരിഫ് എം.പിയും പ്രതിഷേധ യാത്രയിൽ പങ്കാളിയായി. മുമ്പ് വൈകിട്ട് 6.05ന് എറണാകുളത്ത് നിന്ന് പുറപ്പെട്ടിരുന്ന ആലപ്പുഴ പാസഞ്ചർ ട്രെയിൻ ഇപ്പോൾ 6.25നാണ് പുറപ്പെടുന്നത്. ദുരിതമീ യാത്ര എന്ന് എഴുതിയ ബോർഡും യാത്രക്കാർ കൈയിൽ പിടിച്ചിരുന്നു. ഇരുപത് മിനിട്ട് കൂടി വൈകി ട്രെയിൻ പുറപ്പെടുന്നതിനാൽ എറണാകുളത്തെ ട്രാഫിക്ക് ബ്ലോക്ക് കടന്നെത്തുന്ന യാത്രക്കാർക്ക് വണ്ടി ലഭിക്കാൻ ഉപകരിക്കുമെന്ന് വാദിച്ച് ഒരു വിഭാഗം യാത്രക്കാർ പ്രതിഷേധത്തിൽ നിന്ന് വിട്ടു നിന്നു.