കണ്ണൂർ: പ്രതിസന്ധികളിൽ തളരാതെ നാടിനെ നവകേരളമാക്കി മാറ്റാൻ 2016 മുതൽ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിലെ പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിൽ നടന്ന നവകേരളസദസുകളിലാണ് വികസന നേട്ടങ്ങൾ നിരത്തിയുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം.
നാടിന്റെ വികസനത്തിനായി സർക്കാർ കൂടുതൽ വേഗതയോടെ പ്രവർത്തിക്കും. ജന പിന്തുണയാണ് മന്ത്രിസഭയുടെ കരുത്ത്. നവകേരള സദസിലെ ജനപ്രവാഹത്തിലും അതാണ് കാണുന്നത്. വികസനത്തിലൂടെ വികസിത രാജ്യങ്ങളിലെ മദ്ധ്യ വരുമാനക്കാരുടെ തോതിലേക്ക് കേരളത്തെ ഉയർത്താനാകും.
നടക്കില്ലെന്നുറപ്പിച്ച പലപദ്ധതികളും യാഥാർത്ഥ്യമാക്കാൻ സർക്കാരിന് സാധിച്ചു. ദേശീയപാത വികസനം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. മുൻസർക്കാരുകൾ ഭൂമിയേറ്റെടുത്ത് നൽകാത്തതിനാൽ 5500 കോടിയിലധികം രൂപ സർക്കാർ കേന്ദ്രത്തിന് നൽകേണ്ടിവന്നു. ദേശീയപാത വികസനത്തിൽ 25 ശതമാനവും കേരളത്തിന്റെ ഫണ്ടാണ്. മലയോര-തീരദേശ ഹൈവേകളുടെ പ്രവൃത്തികളും തുടരുകയാണ്. പതിനായിരം കോടിയുടെ പ്രവൃത്തിയാണിത്. ഗെയിൽ പദ്ധതി വ്യവസായങ്ങൾക്കടക്കം ഇന്ധനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.