സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വച്ചേ തീരൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇതോടെ ആരോപണങ്ങളുടെ നിഴലിൽ നിന്നും മാറി നില്ക്കാൻ ഇനി പിണറായിക്കാവില്ല.

മധുരയിൽ തുടരുന്ന സിപിഎം പാർട്ടി കോൺഗ്രസ് ഈ വിഷയം ചർച്ച ചെയ്യണം. കാരണം രാജ്യത്ത് സിപിഎമ്മിൻ്റെ ഒരേയൊരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ കുടുംബമാണ് ഇപ്പോൾ ഗുരുതരമായ അഴിമതിക്കേസിൽ അകപ്പെട്ടിരിക്കുന്നത്. ഒരു വശത്ത് കേരളം വ്യവസായ സൗഹൃദമാണെന്ന് പിണറായി വിജയൻ വീമ്പിളക്കുമ്പോൾ, അദ്ദേഹത്തിൻ്റെ മകളുടെ ബിസിനസുകൾ ബാംഗ്ലൂരിലും മറ്റിടങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ കാരണവും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ‘വീണ സർവീസ് ടാക്സ്’ പോലെ, ദുരൂഹ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് വേണ്ടി മാത്രമാണ് ഇത്.

രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ കേരളത്തിലും പുരോഗതി യാഥാർഥ്യമാകണമെങ്കിൽ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും രാഷ്ട്രീയത്തിന് അവസാനമുണ്ടായേ തീരൂ. അതിനാൽ കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.