പാർട്ടി നേതൃത്വത്തിന് മുന്നിൽ വെല്ലുവിളിയുമായി എത്തിയ ശശി തരൂർ കൈ വിടുമോ അതോ തരൂരിനെ പാർട്ടി കൈവിടുമോയെന്ന ചർച്ചകളാണ് ഇപ്പോൾ സജീവം. തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും കഴിഞ്ഞ ദിവസമാണ് തരൂർ പറഞ്ഞത് . പാർട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കിൽ തുടർച്ചയയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്ന തരൂരിന്റെ മുന്നറിയിപ്പിനെയും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം . ശശി തരൂർ മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുണ്ടെന്നു മാത്രമല്ല, മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ മുന്നിൽ നിർത്തിയാലേ യുഡിഎഫ് വിജയിക്കൂ എന്ന ധ്വനിയും അദ്ദേഹത്തിന്റെ പ്രസ്‌താവനയിലുണ്ട് .

പ്രവർത്തകസമിതി അംഗം എന്ന നിലയിലും സ്വീകാര്യത കണക്കിലെടുത്തും മുഖ്യമന്ത്രിസ്ഥാനം തരൂർ ആഗ്രഹിക്കുന്നത് സ്വാഭാവികമാകാം. പക്ഷേ, സംസ്ഥാന നേതൃനിരയുടെ ഭാഗമായല്ല അദ്ദേഹം പ്രവർത്തിക്കുന്നത്. തലസ്ഥാനത്തോ കേരളത്തിലോ അദ്ദേഹം ഉണ്ടാകുന്ന ദിവസങ്ങൾതന്നെ കുറവാണ്. ലോക്സഭാംഗവും പ്രവർത്തകസമിതി അംഗവും പാർലമെന്റിലെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിലും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വം തരൂരിനെ കാണുന്നത്. ഈ പദവികളെല്ലാം ഉണ്ടെങ്കിലും അർഹമായ റോൾ ഇല്ലെന്ന് തരൂർ വിചാരിക്കുന്നു. അതുകൊണ്ട് 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ കേരളത്തിൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ ഉള്ളത്. ആ ആഗ്രഹം പറയുക മാത്രമല്ല, അതു നിറവേറ്റപ്പെട്ടില്ലെങ്കിൽ വേറെ വഴി നോക്കുമെന്ന മുന്നറിയിപ്പും നൽകുന്നു. അതു മറ്റൊരു പാർട്ടിയിൽ ചേരാനുള്ള പുറപ്പാടല്ലെന്നും എഴുത്തിന്റെയും വായനയുടെയും വഴിയാണെന്നും വിശദീകരിച്ചെങ്കിലും അങ്ങനെ സ്വതന്ത്രനായി തുടരുക എളുപ്പമല്ലെന്നും പാർട്ടി പിന്തുണ ആവശ്യമാണെന്നും കൂട്ടിച്ചേർത്ത് ആശയക്കുഴപ്പം നിലനിർത്തുന്നുമുണ്ട്. ഈ ആശയക്കുഴപ്പവും, അദ്ദേഹം ഈ വിഷയത്തിൽ ഇപ്പോൾ തുടരുന്ന മൗനവുമാണ് വിവിധ രാഷ്ട്രീയ ചർച്ചകളിലേക്കും സൂചനകളിലേക്കും കാര്യങ്ങൾ എത്തിക്കുന്നത്.
കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുന്ന ഡോ.ശശി തരൂർ എം.പി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണോ ? ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും മയപ്പെടാതെ വിമത സ്വരം പുറപ്പെടുവിക്കുന്ന തരൂരിന്റെ നീക്കങ്ങളെ കുറിച്ച് ഈ ദിവസങ്ങളിലായി രാഷ്ട്രീയ മേഖലകളിൽ പറഞ്ഞു കേൾക്കുന്ന കാര്യങ്ങളിലൊന്നാണിത്. കോൺഗ്രസിലെ ഭിന്നത തുറന്നുകാട്ടിക്കൊണ്ട് ശശി തരൂർ സജീവ രാഷ്ട്രീയം വിടുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളിലുളള സംസാരം. ബിജെപിയിലേക്കും സിപിഎമ്മിലേക്കും അദ്ദേഹത്തിന് ക്ഷണം ഉണ്ടെങ്കിലും ഇതിൽ ഏത് വഴി സ്വീകരിക്കുമെന്നാണ് ചർച്ചകൾ മുഴുവനും. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിയ്‌ക്കുകയാണെങ്കിൽ പുസ്തകം, കോളം എഴുത്ത്, പ്രഭാഷണം എന്നിവയിലേക്ക് മടങ്ങാനാണ് തരൂരിന്റെ ഉദ്ദേശമെന്നും അവർ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിമുഖത്തിലും അദ്ദേഹം ഈ കാര്യം സൂചിപ്പിക്കുന്നുണ്ട്. എന്നാൽ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെങ്കിലും നയതന്ത്ര തലത്തിൽ തരൂരിന്റെ സാന്നിധ്യം പൊതുരംഗത്തുണ്ടാകുമെന്നും ഒരു സംസാരമുണ്ട്. കോൺഗ്രസ് വിടുന്ന തരൂർ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെങ്കിലും ബി.ജെ.പിയുമായി സഹകരിക്കും എന്നും സൂചനയുണ്ട്. ഐക്യരാഷ്ട്ര സഭയിൽ ദീർഘകാലം പ്രവർത്തിക്കുകയും നയതന്ത്ര രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമുളള തരൂരിനെ അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിക്കുമെന്നും പറഞ്ഞു കേൾക്കുന്നുണ്ട്.
അമേരിക്കയിലെ സ്ഥാനപതിയായി പരിഗണിച്ചില്ലെങ്കിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിക്കാനും സാധ്യതയുണ്ടന്നാണ് ബി.ജെ.പി വൃത്തങ്ങളിലെ സംസാരം. ഈ രണ്ട് പദവികളിൽ ഒന്ന് തരൂർ സ്വീകരിക്കാനുളള സാധ്യത തളളിക്കളയാനാവില്ലെന്ന് കോൺഗ്രസ് നേതാക്കളും വിലയിരുത്തുന്നുണ്ട്. കേരളത്തിലെ പിണറായി സർക്കാരിന്റെ വ്യവസായ നയത്തെ പുകഴ്ത്തിയതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെയും തരൂർ പ്രകീർത്തിച്ചിരുന്നു. ഇത് ബി.ജെ.പിയുമായി അടുക്കുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നുണ്ട്. മോദിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ പ്രശംസയുമായെത്തിയത്. തരൂരിന്റെ ഈ പ്രതികരണം മോദിക്കും ബി.ജെ.പിക്കും ഏറെ സഹായകമായി തീരുകയും ചെയ്തിരുന്നു. ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ശശി തരൂർ ബി.ജെ.പിയുമായി അടുക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം സംസ്ഥാനത്തെ കോൺഗ്രസിനെ നിരന്തരം വിമർശിക്കുകയും പ്രവർത്തനം പോരെന്ന് വിമർശിക്കുകയും ചെയ്യുന്ന ശശി തരൂർ കേരളത്തിലെ ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന് സംശയിക്കുന്ന കുറെ അധികം ആളുകളുമുണ്ട്. കേരളത്തിലെ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ പോരായ്മകളുണ്ടെങ്കിൽ അതിൽ പരസ്യ പ്രതികരണത്തിന് പോകാതെ ചൂണ്ടിക്കാണിച്ച് തിരുത്തൽ വരുത്താൻ പ്രവർത്തക സമിതി അംഗം എന്ന നിലയിൽ ശശി തരൂരിന് അധികാരാവകാശങ്ങൾ ഉണ്ട്. എന്നിട്ടും കൃത്യമായ ഇടവേളകളിൽ പാർട്ടിയിൽ ഐക്യമില്ലെന്ന് വരുത്തുന്ന തരത്തിൽ പ്രതികരണങ്ങൾ നടത്തുന്ന തരൂർ ഇടതുപക്ഷത്തെ സഹായിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം.
കോൺഗ്രസിൽ ചേരുന്നതിന് മുൻപ് ഇടത് നേതാക്കളുമായിട്ടായിരുന്നു തരൂരിന് അടുപ്പം. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുളള മത്സരത്തിൽ ബാൻ കീ മൂണിനോട് പരാജയപ്പെട്ട ശേഷം ഇന്ത്യയിലെത്തിയ തരൂർ കേരളത്തിൽ ടെക്‌നോപാർക്കിലെ ചില സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്നു.ഈ ഘട്ടത്തിൽ എം.എ.ബേബി, ഡോ.ടി.എം തോമസ് ഐസക് എന്നിവരുമായി തരൂർ നല്ല ബന്ധത്തിൽ ആയിരുന്നു. ആ ഘട്ടത്തിൽ തരൂർ സി.പി.എമ്മിൽ ചേർന്നേക്കുമെന്ന് ധാരണ പരന്നിരുന്നു. എന്നാൽ അന്ന് ദേശിയ തലത്തിൽ യു.പി.എ സർക്കാരിന്റെ കാലമായതിനാൽ കൂടുതൽ നല്ല അവസരം തിരഞ്ഞെടുത്ത് തരൂർ കോൺഗ്രസിൽ ചേരുകയായിരുന്നു .
അതിനിടെ സിപിഐ, സിപിഎം നേതാക്കൾ ശശി തരൂരിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്യ്തു . ശെരിയായ നിലപാടെടുക്കുന്നവരെ അംഗീകരിക്കുകയൂം തെറ്റായവ ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം ചെയ്‌യേണ്ടതെന്നാണ് ശശി തരൂർ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. പരസ്പരം കണ്ടാൽ മിണ്ടാത്ത കോൺഗ്രസ് നേതാക്കൾ ഒന്നിച്ചാക്രമിക്കുമ്പോൾ പോലും നിലപാടിൽ മാറ്റമില്ലെന്നാണ് തരൂർ പറയുന്നത്. ഇടതുപക്ഷമാണ് ശെരിയെന്നതാണ് തരൂരിന്റെ നിലപാട്, അതിനെ പിന്താങ്ങുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇതോടെ ഒറ്റയ്ക്കാകില്ലെന്ന സന്ദേശമാണ് സിപിഐഎം നൽകുന്നത് .
അതേസമയം സ്വന്തം പാളയത്തിലേക്ക് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ വീണ്ടും വെടിപൊട്ടിച്ചതോടെ കരുതലോടെ നീങ്ങുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. ഏപ്രിലിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സമ്മേളനം വിളിച്ചുചേർക്കാൻ എ.ഐ.സി.സി. ഒരുങ്ങുന്നതിനിടയിൽ തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പോകേണ്ടെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. തരൂരിന്റെ നീക്കങ്ങളിൽ കോൺഗ്രസ് അസ്വസ്ഥമാണെങ്കിലും, തരൂരിന്റെ ലക്ഷ്യമെന്താണെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും നേതാക്കൾ പ്രതികരണം അത്ര കടുപ്പിക്കുന്നില്ല. എന്നാൽ വാക്കുകളിൽ നീരസമുണ്ടുതാനും. എന്തായാലും അധികനാൾ ഈ വിഷയം ഇങ്ങനെ പുകയില്ല എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.