തിരുവനന്തപുരം: ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ തിരുവനന്തപുരത്തെ എംപി ശശി തരൂരിന് ഡൽഹി ഹൈക്കോടതി സമന്‍സ് അയച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ്ചന്ദ്രശേഖറിനെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച സിവില്‍ മാനനഷ്ടക്കേസിലാണ് കോടതി നടപടി.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വോട്ട് സ്വാധീനിക്കാനായി ബിജെപി സ്ഥാനാര്‍ത്ഥി ഇടവക വൈദികര്‍ ഉള്‍പ്പെടെ പ്രധാന സ്വാധീനമുള്ള വ്യക്തികള്‍ക്ക് പണം നല്‍കിയെന്നായിരുന്നു തരൂരിന്റെ ആരോപണം. പൊതു വേദികളില്‍ തരൂര്‍ ഇത്തരം അപകീര്‍ത്തികരമായ, തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തരൂരില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടായപ്പോള്‍ തന്നെ മാനനഷ്ടത്തിന് നിയമപരമായി നോട്ടീസ് അയച്ചിരുന്നു.
പൊതുപ്രവര്‍ത്തന രംഗത്ത് സംശുദ്ധി കാത്തുസൂക്ഷിക്കുന്ന തനിക്കെതിരെ ശശി തരൂര്‍ നടത്തിയ തെറ്റായ ആരോപണങ്ങള്‍ പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും ഗുരുതരമായ അവമതിപ്പിനു കാരണമായെന്നാരോപിച്ചാണ് ഡൽഹി ഹൈക്കോടതിയെ രാജീവ്ചന്ദ്രശേഖര്‍ സമീപിച്ചത്. ഇത്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് തരൂരിനെ തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതു സമൂഹത്തില്‍ തന്റെ സല്‍പ്പേരിനുണ്ടായ കളങ്കം ഇല്ലാതാക്കുന്നതിന് ശശി തരൂര്‍ പരസ്യമായി മാപ്പു പറയണമെന്നും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചന്ദ്രശേഖര്‍ ഹൈക്കോടതിയിലെത്തിയത്.
ഡൽഹി ഹൈക്കോടതി ജസ്റ്റീസ് പുരുഷീന്ദ്ര കുമാര്‍ കൗരവ് ചന്ദ്രശേഖറിന് വേണ്ടി വാദങ്ങള്‍ കേട്ടു. അനുവദനീയമായ എല്ലാ മാര്‍ഗങ്ങളിലൂടെയും തരൂരിന് നോട്ടീസ് അയയ്ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 28നകം മറുപടി നല്‍കണമെന്ന് കോടതി ശശിതരൂരിനോട് ആവശ്യപ്പെട്ടു.
ലോ ഫേമായ എം/എസ് കരഞ്ജവാല ആന്‍ഡ് കമ്പനിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വൈഭവ് ഗഗ്ഗര്‍ രാജീവ് ചന്ദ്രശേഖറിനായി കോടതിയില്‍ ഹാജരായി. സീനിയര്‍ പാര്‍ട്ണര്‍ മേഘ്‌ന മിശ്ര, പ്രിന്‍സിപ്പല്‍ അസോസിയേറ്റ് അങ്കിത് രാജ്ഗാരിയ, അസോസിയേറ്റ് പാലക് ശര്‍മ്മ എന്നിവരടങ്ങുന്ന സംഘവും ഹാജരായി.