ഡൽഹി : അരവിന്ദ് കെജ്രിവാളിന് പകരം ആം ആദ്മി പാർട്ടി ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത അതിഷി മർലേനക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സ്വാതി മലിവാൾ. അടുത്തിടെ ആം ആദ്മി പാർട്ടി വിട്ട, പാർട്ടിയുടെ രാജ്യസഭാംഗം കൂടിയായ സ്വാതി മലിവാളിനോട് രാജിവെക്കാൻ ആം ആദ്മി പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോപണങ്ങൾ ആവർത്തിച്ചത്. പാർലമെൻ്റ് ആക്രമണ കേസ് പ്രതികളുമായി അതിഷിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന ഇന്നലത്തെ ആരോപണമാണ് സ്വാതി മലിവാൾ ആവർത്തിച്ചത്.
കേസിൽ ശിക്ഷിക്കപ്പെട്ട അഫ്സൽ ഗുരുവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കുടുംബത്തിലെ അംഗമാണ് ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെന്ന് അവർ പറഞ്ഞു. എസ്.എ.ആർ ഗിലാനിയുമായി അതിഷിയുടെ മാതാപിതാക്കൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ സ്വാതി മലിവാൾ ദൈവം ഡൽഹിയെ രക്ഷിക്കട്ടെയെന്നും പറഞ്ഞു. അതിഷി ഡമ്മി മുഖ്യമന്ത്രിയാണെന്നും ഇന്നലെ അവർ പരിഹസിച്ചിരുന്നു.
ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണ് സ്വാതി മലിവാൾ എന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. നാണവും ധാർമികതയും ഉണ്ടെങ്കിൽ രാജ്യസഭാംഗത്വം രാജിവെച്ച് പോകണമെന്നും പറഞ്ഞു. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായാണ് സ്വാതി മലിവാൾ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ പാർട്ടിയോട് അകന്ന അവർ നിരന്തരം എഎപി നേതൃത്വത്തെ വിമർശിച്ച് രംഗത്ത് വരുന്നുണ്ട്. എന്നാൽ രാജ്യസഭാംഗത്വം രാജിവെക്കാത്ത സ്വാതിയുടെ നിലപാടിൽ കടുത്ത വിമർശനമാണ് എഎപി നേതൃത്വം ഉന്നയിക്കുന്നത്.#atishi