വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിനിർഭരമായി.
ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം കടന്നുപോയ വീഥിക്കിരുവശവും വിശ്വാസികൾ തിരുസ്വരൂപത്തെ വണങ്ങി. അലങ്കരിച്ച തേരിൽ എഴുന്നള്ളിച്ച ക്രിസ്തുരാജന്റെ തിരുസ്വരൂപത്തിന് നിശ്ചലദൃശ്യങ്ങളും കൊടിതോരണങ്ങൾ വഹിച്ച ബാലൻമാരും വിശ്വാസികളും അകമ്പടിയായി. ദേവാലയ പരിസരം വിശ്വാസികളാൽ നിറഞ്ഞു. കത്തിച്ച മെഴുകുതിരിയുമായി ഇടവക വികാരി ഫാ. വൈ.എം. എഡിസനും സഹ വികാരിമാരും പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. മാലാഖരൂപം ധരിച്ച കുഞ്ഞുങ്ങളും കത്തിച്ച മെഴുകുതിരിയും പേപ്പൽ പതാകയും പൂക്കളും മുത്തുക്കുടകളുമേന്തിയവരും ധൂമവാഹകരും അൾത്താര ശുശ്രൂഷകരും വൈദികർക്കൊപ്പം പങ്കാളികളായി.
ചെറുവെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി ഇടവകകളുടെ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തി.
24-ന് ഉച്ചയ്ക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് 5.30-നു നടക്കുന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ മുഖ്യകാർമികത്വം വഹിക്കും. 29 നാണ് കൊടിയിറക്ക്.