തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തിങ്കളാഴ്ച റോഡ് ഷോയോടെ തുടങ്ങിയ പ്രചാരണം ഗ്രാമങ്ങളിലൂടെ കടന്നുപോകുകയാണ്. വീട്ടമ്മമാരും കുട്ടികളുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തെ കാണാനെത്തുന്നത്. ഇന്നലെ പ്രചാരണം നാട്ടിക നിയമസഭ മണ്ഡലത്തിലെ ചാഴൂരിൽ എത്തിയപ്പോൾ അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചു.രണ്ടു ദിവസത്തെ പ്രചാരണം നൽകുന്ന ആത്മവിശ്വാസം
പ്രചാരണത്തിന്റെ തുടക്കമേ ആയിട്ടുള്ളൂ. വലിയ ആത്മവിശ്വാസമാണ് ലഭിക്കുന്നത്. ജനജീവിതമാണ് പ്രധാന ചർച്ചാവിഷയം. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തുകയാണ്. പ്രതീക്ഷകളേറെയുണ്ട്.
മോദി ഗ്യാരന്റി മുദ്രാവാക്യം തൃശൂരിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതെങ്ങനെ പ്രതിഫലിക്കും
എന്തുകൊണ്ട് വീണ്ടും മോദിയെന്ന് തെളിയിക്കുന്ന നൂറ് പോയിന്റ്സ് തരാം. അതു പ്രിന്റ് ചെയ്ത് വച്ചിട്ടുണ്ട്. അത് എല്ലാവരും പ്രചരിപ്പിക്കൂ. അപ്പോൾ മനസിലാകും മോദി ഗ്യാരന്റി എങ്ങനെ പ്രതിഫലിക്കുമെന്ന്. ലോകം മുഴുവൻ മോദിയുടെ ഇംപാക്ട് ഉണ്ടായി. അപ്പോൾ ഇന്ത്യയിലും കേരളത്തിലും ഉണ്ടാകാതിരിക്കുമോ? രാഷ്ട്രീയ നിരീക്ഷകർ അത് തിരിച്ചറിയും.
മൂന്നാം വട്ടവും തൃശൂരിൽ മത്സരിക്കുകയാണ്, പ്രതീക്ഷ
2016 മുതൽ ഞാനിവിടെയുണ്ട്. സിനിമാനടനായല്ല, രാഷ്ട്രീയ സേവകൻ എന്ന നിലയിൽ. ജനങ്ങൾക്ക് സുപരിചിതനാണ്. 2019ലാണ് ആദ്യം മത്സരിച്ചത്. 2021ൽ നിയമസഭയിലേക്ക് മത്സരിച്ചു. ഇത്തവണ തീർച്ചയായും ജയിക്കാനാണ് വന്നത്. വിജയകിരീടം അവർക്ക് എന്നെ അണിയിക്കാനുള്ള അവസരമാണിത്. ഇത്തവണ അവർ എനിക്ക് തൃശൂർ തന്നിരിക്കും. വിജയിക്കാൻ തന്നെയാണ് ഈ വരവ്.
വിവാദങ്ങൾ നിരവധിയുണ്ടല്ലോ
എതിരാളികൾ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കും. എനിക്കെതിരെ കേസുകളുണ്ടാക്കും. ഇപ്പോൾ അതെല്ലാം ഉണ്ടാക്കുന്നതിന്റെ കാരണവും അറിയാമല്ലോ. ഇനി അതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. എല്ലാം പറഞ്ഞുകഴിഞ്ഞതാണ്.
തൃശൂരിനൊരു കേന്ദ്രമന്ത്രി എന്ന പ്രചാരണത്തെക്കുറിച്ച്
തൃശൂരിനൊരു കേന്ദ്രമന്ത്രിയെന്നത് ജനങ്ങളുടെ പ്രതീക്ഷയാണ്. അത് സ്വാഭാവികമാണ്. അതൊന്നും എന്റെ പ്രചാരണരീതിയില്ല. ജനങ്ങളുടെ ആഗ്രഹം പാടില്ലെന്ന് പറയാനാകില്ല. അവരുടെ ഹൃദയവികാരമാണത്. കുടുംബം മാത്രമല്ല, വലിയൊരു സമൂഹവും എന്റെ പണത്തിനായി കാത്തിരിക്കുന്നുണ്ട്. കൈയിൽ പണം വേണം, അതുകാെണ്ട് സിനിമ അത്യാവശ്യമാണ്. പക്ഷേ, എം.പി എന്ന നിലയിൽ മിന്നും പ്രകടനം നടത്തും, അതുറപ്പ്. ജനപ്രതിനിധിയായാലും സിനിമ ഒപ്പം കൊണ്ടുപോകും. അത് അദ്ധ്വാനത്തിന്റെ ഭാരമാണ്. പക്ഷേ അത് ചുമക്കാൻ തയ്യാറാണ്.#suresh gopi