തൃശൂർ: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ ബിജെപി വ്യാപകമായി കള്ളവോട്ട് ചേർത്തതായി ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ. പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാർ ഉൾപ്പെടെ ഉണ്ടെന്നും അന്യസംസ്ഥാന തൊഴിലാളികളെ വരെ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നും ആകെ 28000ത്തിലധികം കള്ളവോട്ടുകളാണ് ബിജെപി ചേർത്തതെന്നും പ്രതാപൻ ആരോപിച്ചു.വിഷയത്തിൽ കളക്‌ടർക്ക് പരാതി നൽകിയെന്നും പ്രതാപൻ പറയുന്നു. ‘28000ത്തോളം വ്യാജ വോട്ടുകൾ ചേർത്തിരിക്കുന്നു. അവരിൽ പലരും മറ്റ് പല മണ്ഡലങ്ങളിലും വോട്ടുള്ളവരാണ്. സുരേഷ് ഗോപിയുടെ കൂടെ നടക്കുന്ന ജീവനക്കാരുടെ വോട്ട്, ആലത്തൂർ മണ്ഡലത്തിൽ പലയിടത്തുള്ള ബിജെപി പ്രവർത്തകരുടെ വോട്ട്, അന്യസംസ്ഥാന തൊഴിലാളികളുടെ വോട്ട് പണംകൊടുത്ത് ഇതിൽ ചേർത്തിട്ടുണ്ട്’ പ്രതാപൻ മാധ്യമങ്ങളോട് പറഞ്ഞു.’വളരെ ഗുരുതരമാണ് ഈ ജില്ലയിലെ കള്ളവോട്ട്. ഞങ്ങളുടെ പാർട്ടിയുടെ ബൂത്ത് ലെവൽ ഏജന്റുമാർ കൃത്യമായി നടത്തിയ സൂക്ഷ്‌മ പരിശോധനയിലാണ് ഞങ്ങൾക്ക് ഇക്കാര്യം കണ്ടുപിടിക്കാൻ കഴിഞ്ഞത്. ഇതിൽ ഭൂരിഭാഗം ബിഎൽഒമാർ ഭൂരിപക്ഷവും സിപിഎം അനുകൂലികളാണ്. അത്തരത്തിൽ ഇതിൽ അവരുടെ പങ്കും അന്വേഷിക്കണം. ഇതിൽ കൂട്ടുനിന്ന ജീവനക്കാരെ ഉടൻ സസ്‌പെൻഡ് ചെയ്യണം’ പ്രതാപൻ ആവശ്യപ്പെട്ടു.