കോട്ടയം: എം.ജി സർവകലാശാല ക്യാംപസിൽ യൂണിയൻ ചെയർമാന് വിലക്ക്. മൂന്നു മാസമായി എസ്.എഫ്.ഐ നേതാവ് കൂടിയായ ചെയർമാൻ കാംപസിൽ എത്തിയിട്ടില്ല. വിദ്യാർഥിനിയുടെ പരാതിയിൽ ഒരു സംഘം മർദിച്ചതിനു പിന്നാലെയാണ് ചെയർമാന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി അടക്കമുള്ള വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു.
എം.ജി സർവകലാശാല കാംപസിലെ ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡന്‍റ്സ് യൂനിയൻ ചെയർമാനും ഒന്നാം വർഷ ജെൻഡർ സ്റ്റഡീസ് വിദ്യാർഥിയുമായ മലപ്പുറം സ്വദേശിക്കാണ് മൂന്ന് മാസമായി കാംപസിൽ അപ്രഖ്യാപിത വിലക്കുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ എം.ജി സർവകലാശാല കലോത്സവം കോട്ടയത്ത് നടന്നപ്പോൾ മുതൽ ചെയർമാൻ്റെ അസാന്നിധ്യം ചർച്ചയായിരുന്നു. എന്നാൽ, അന്ന് വിഷയത്തിൽ പ്രതികരിക്കാൻ എസ്.എഫ്.ഐ നേതാക്കൾ തയാറായില്ല. എസ്.എഫ്.ഐ നേതൃത്വത്തിൻ്റെ അറിവോടെ ചെയർമാനെ മർദിച്ചതായാണ് വിവരം.
എസ്.എഫ്.ഐയ്ക്ക് അപ്രമാദിത്വമുള്ള കാംപസിലും ഹോസ്റ്റലിലും ചെയർമാനെ വിലക്കിയിരിക്കുകയാണ്. ഡിപ്പാർട്ട്മെൻ്റ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഇദ്ദേഹത്തെ നീക്കിയിട്ടുണ്ട്. എന്നാൽ, തനിക്ക് മർദനമേറ്റത് കാംപസിനു പുറത്തു നിന്നാണെന്നും എസ്.എഫ്.ഐയ്ക്ക് ബന്ധമില്ലെന്നും ചെയർമാൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഉടൻ കാംപസിൽ എത്തുമെന്നാണു വിശദീകരണം.