തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി ഉപയോഗിച്ചെന്ന വിവാദം പുതിയ തലത്തിലേക്ക് എത്തിയതോടെ കോൺഗ്രസും യൂത്ത് കോൺഗ്രസും കടുത്ത പ്രതിരോധത്തിലായി. രാജ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും,ഡിവൈഎഫ്ഐയും നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കടുത്ത ആരോപണമാണ് ബിജെപി ഉയർത്തുന്നത്. ഒറിജിനലിനെ തോൽപ്പിക്കുന്ന തരത്തിലുള്ള തിരിച്ചറിയൽ കാർഡുകളാണ് ഉപയോഗിച്ചതെന്നും ഒരു എംഎൽഎയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ആരോപണം. സംസ്ഥാനത്തെ ചീഫ് ഇലക്ട്രറൽ ഓഫീസർ സഞ്ജയ് കൗളിന് ഇതുസംബന്ധിച്ച് പരാതിയും നൽകി. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെയുടെയും മുന്നിൽ ഇക്കാര്യത്തെക്കുറിച്ച് പരാതി എത്തിയിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
തിഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരിനും സംഭവത്തിൽ ഉത്തരവാദിത്തമുണ്ടെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. വിഡി സതീശനടക്കമുള്ള കോൺഗ്രസ് ഉന്നതർക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിയ്ക്ക് പരാതി നൽകുകയും ചെയ്തു. കടുത്ത പ്രതിരോധത്തിലായതോടെ സംഭവത്തെ ന്യായീകരിച്ച്പാർട്ടി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, ആരോപണങ്ങൾ കെട്ടുകഥകൾ മാത്രമെന്നാണ് ഷാഫി പറമ്പിൽ എംഎൽഎ പറയുന്നത്..തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നത് സുതാര്യമായിട്ടാണെന്നും വാർത്തിയിൽ ഇടംപിടിക്കാനുള്ള അൽപ്പത്തരത്തിനപ്പുറം ഒന്നും ഇല്ലെന്നും ഷാഫി പറഞ്ഞു. തിരഞ്ഞടുപ്പിൽ കുറ്റിപ്പുറത്ത് വിജയിച്ച ആൾക്കെതിരെ പ്രർത്തർ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ 5000ത്തിൽ അധികം വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആരോപിച്ചിരുന്നു.