വിഴിഞ്ഞം: സാങ്കേതിക തകരാറിനെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് തുടർന്ന വിദേശചരക്ക് കപ്പലായ എം.ടി.എം.എസ്.ജി ഇന്നലെ വൈകിട്ട് അഞ്ചിന് തീരം വിട്ടു. തകരാർ പൂർണമായും പരിഹരിച്ചതിനെ തുടർന്നാണിത്. ബംഗ്ലാദേശിൽ നിന്ന് ഷാർജ തുറമുഖത്തേക്ക് പോയ ഗ്രേറ്റ് ഓപ്ഷൻ ഷിപ്പിംഗ് ലൈൻസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാലിയായ ഓയിൽ ടാങ്കർ 14നാണെത്തിയത്. തകരാർ പരിഹരിക്കുന്നതിനായി മുംബയ്,ഒഡിഷ എന്നിവിടങ്ങളിൽ നിന്നുമെത്തിച്ച സാങ്കേതിക വിദഗ്ദ്ധരെ ധ്വനി എന്ന ടഗ്ഗിൽ തിരികെ കരയിലെത്തിച്ചു. തുറമുഖത്തെ സൗകര്യങ്ങൾ ഉപയോഗിച്ചതിൽ മാരിറ്റൈം ബോർഡിന് 2.5 ലക്ഷത്തോളം രൂപ വരുമാനമായി ലഭിച്ചെന്ന് അധികൃതർ അറിയിച്ചു. വിഴിഞ്ഞം പർസർ എസ്.വിനുലാൽ,പോർട്ട് അസിസ്റ്റന്റ് കൺസർവേറ്റർ എം.എസ്.അജീഷ് മണി,ടഗ്ഗ് മാസ്റ്റർ ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 2024 മേയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ആദ്യഘട്ടത്തിന്റെ 60 ശതമാനം പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 800 മീറ്റർ ബർത്താണ് സജ്ജമാക്കുക. ഇതിൽ 400 മീറ്റർ പൂർത്തിയായി. ശേഷിക്കുന്ന 400 മീറ്രർ ജനുവരിയിൽ പൂർത്തിയാകും. ഈ മാസമാദ്യം പുലിമുട്ടിന്റെ നിർമ്മാണവും പുനരാരംഭിച്ചു. ആകെ 3000 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പുലിമുട്ടിന്റെ 2345 മീറ്റർ പൂർത്തിയായിരുന്നു. തുറമുഖത്തെ കെട്ടിടങ്ങളുടെയെല്ലാം നിർമ്മാണപ്രവർത്തനം അന്തിമഘട്ടത്തിലാണ്.