കോഴിക്കോട്: നവകേരള സദസിൽ ലീഗ് നേതാവ് പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ലീഗ് സ്വീകരിച്ചതും യു.ഡി.എഫിലും ലീഗിലും വിവാദമായിരിക്ക, വിശദീകരണവുമായി ലീഗ് നേതാക്കൾ. ലീഗിനെ കാത്ത് ആരെങ്കിലും അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കണമെന്നായിരുന്നു സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
.സി.പി.എമ്മിനെതിരെ പൊതുവേ മയത്തിലുള്ള സമീപനം സ്വീകരിക്കാറുള്ള കുഞ്ഞാലിക്കുട്ടിയും ഇന്നലെ തുറന്നടിച്ചു. എ.കെ. ബാലന് ഭ്രാന്താണെന്നാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. മുസ്ലിം ലീഗ് മുന്നണി മാറുന്നുവെന്നത് മാദ്ധ്യമ സൃഷ്ടിയാണെന്നും യു.ഡി.എഫും ലീഗും തമ്മിലുള്ളത് പൊക്കിൾക്കൊടി ബന്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല യു.ഡി.എഫും ലീഗും തമ്മിലുള്ള ബന്ധം.. കേരള ബാങ്ക് ഡയറക്ടർ സ്ഥാനം കേസ് കൊടുത്താലും ലീഗിന് കിട്ടും. പുനർവിചിന്തനം നടത്തുമോ എന്നതിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു. ഭ്രാന്ത് പരാമർശം വിവാദമായതോടെ തിരുത്തലുമായി കുഞ്ഞാലിക്കുട്ടി പിന്നീട് രംഗത്തെത്തി. എ.കെ ബാലന് ഭ്രാന്താണെന്നല്ല ഉദ്ദേശിച്ചതെന്നും മുന്നണിമാറ്റ ചർച്ചയെയാണ് അത്തരത്തിൽ പറഞ്ഞതെന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
‘അധിക കാലം ലീഗ് യു.ഡി.എഫിൽ മുന്നോട്ടില്ല. ഞങ്ങൾ അവരെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടേയില്ല. അവർ യു.ഡി.എഫിൽ നിന്നും മാറാനും തീരുമാനിച്ചിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ ഇന്നത്തെ ഈ സമീപനത്തോട് യോജിച്ചു കൊണ്ട് അധിക കാലം ലീഗിന് മുന്നോട്ടു പോകാനാകില്ല. മനസ് എൽ.ഡി.എഫിനൊപ്പവും ശരീരം യു.ഡിഎഫിനൊപ്പവും എന്ന നിലയിലാണ് ലീഗ്. അതിന്റെ അർത്ഥം അവർ എൽ.ഡി.എഫിലേക്ക് വരുന്നു എന്നതല്ല. നയപരമായി അവർക്ക് അധിക കാലം അവിടെ യോജിച്ചു പോകാൻ കഴിയില്ല. അത് ലീഗിന്റെ സംഘടനാ രംഗത്തും പ്രശ്‌നങ്ങളുണ്ടാക്കും’ ബാലന്റെ ഈ പരാമർശത്തിനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.