വിവിധ കാരണങ്ങൾ കൊണ്ടാണ് കടമെടുപ്പില്‍ പ്രത്യേക പരിഗണന വേണമെന്ന് കേരളം വാദിക്കുന്നത്
മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കടമെടുക്കലിനു കേരളത്തിനു പ്രത്യേക പരിഗണന നല്‍കണമെന്നു സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടതിനുള്ള മറുപടി ഇന്നു കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ചൂണ്ടിക്കാട്ടുന്ന പ്രത്യേകതകള്‍:
- ചെറിയ സംസ്ഥാനമാണു കേരളം. ഭക്ഷ്യോല്‍പാദനം ഉള്‍പ്പെടെ കുറവ്. ഉപഭോഗ ശരാശരിയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നില്‍. ശരാശരി മലയാളിക്കു ലഭിക്കുന്ന വേതനത്തിന്റെ മുക്കാല്‍ പങ്കും സാധനങ്ങള്‍ വാങ്ങാന്‍മാത്രം ഉപയോഗിക്കുന്നു. ജീവിതനിലവാര സൂചിക വളരെ കൂടുതലാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മിക്കവാറും ഗ്രാമങ്ങള്‍ ചെറുപട്ടണങ്ങളായി.
- വാണിജ്യ വിളയുണ്ടെങ്കിലും കയറ്റിറക്കുമതിയിലൂടെ വില നിയന്ത്രിക്കുന്നതു കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണ്. കേരളത്തിന്റെ കുത്തക നാണ്യവിളകള്‍ ദേശീയ താല്‍പര്യം പറഞ്ഞു കേന്ദ്രം ഇറക്കുമതി ചെയ്യുന്നു. വിലയില്ലായ്മ, കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. എന്നാല്‍, കേരളത്തിന്റെ സവിശേഷ സാഹചര്യമനുസരിച്ചുള്ള കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. 40:60 നികുതി അനുപാതം കേരളത്തിനു മതിയാകില്ല.
- മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഭൂമി ലഭ്യത കുറവായതിനാല്‍, വിദേശനിക്ഷേപങ്ങളും വരുന്നില്ല. കര്‍ണാടകയില്‍ അടുത്തിടെ 25,000 കോടി രൂപയുടെ ജപ്പാന്‍ നിക്ഷേപം വന്നു. സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ രാജ്യങ്ങള്‍ മറ്റു ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നേരിട്ടു നിക്ഷേപം നടത്തുന്നു. അവര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ കേരളത്തിനു കഴിയുന്നില്ല. രണ്ടായിരം ഏക്കര്‍ ഭൂമിയാണു കര്‍ണാടകയും തെലങ്കാനയും മറ്റും നല്‍കുന്നത്. കേരളത്തില്‍ 20 ഏക്കര്‍ ഏറ്റെടുക്കുന്നതുപോലും ശ്രമകരമാണ്.
- കൃത്യമായി ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ പ്രതിമാസം 2,000 കോടി രൂപ വേണം. ദേശീയപാതയ്ക്കുള്ള സ്ഥലമെടുപ്പിനു കേന്ദ്രമാണു പണം നല്‍കേണ്ടത്. എന്നാല്‍, ആറു വര്‍ഷമായി 20,000 കോടി രൂപയാണു കേരളം ചെലവഴിച്ചത്. നഷ്ടം സഹിച്ചും കെ.എസ്.ആര്‍.ടി.സി. പൊതുഗതാഗതം സുഗമമമാക്കുന്നു.
- ശമ്പള കമ്മിഷന്‍ ശിപാര്‍ശപ്രകാരമുള്ള ഗവ. ജീവനക്കാരുടെ ശമ്പളം മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കുന്നതു കേരളത്തില്‍മാത്രം. ഗവ. ജീവനക്കാര്‍ക്ക് ഇത്രയും ശമ്പളം നല്‍കുന്ന മറ്റൊരു സംസ്ഥാനവുമില്ല. മുന്‍കാല പ്രാബല്യത്തോടെ ആറേഴു വര്‍ഷത്തെ ശമ്പള വര്‍ധന നടപ്പാക്കുമ്പോള്‍ കോടികളുടെ ബാധ്യതയാണു വരുന്നത്.
- മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ പൊതു-സ്വകാര്യ ബാങ്ക് നിക്ഷേപം വളരെ കൂടുതലാണ്. എന്നാല്‍, ഇവിടത്തെ നിക്ഷേപത്തിന്റെ 12 ശതമാനത്തില്‍ താഴെമാത്രമേ ബാങ്കുകള്‍ കേരളത്തില്‍ വായ്പ നല്‍കുന്നുള്ളൂ. മറ്റു സംസ്ഥാനങ്ങളിലാണ് ഈ പണമേറെയും ബാങ്കുകള്‍ ചെലവഴിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്: ”കേരളത്തില്‍ വേതനം കൂടുതല്‍”
- കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 82.5 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഉപയോഗിക്കുന്നു. 11 ലക്ഷത്തില്‍ താഴെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയാണ് ഇത്രയും റവന്യൂ വരുമാനം ചെലവഴിക്കുന്നത്. അതിനാല്‍, കൃഷി, ഗതാഗതം, ജലസേചനം, െവെദ്യുതി മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിനു പണമില്ല.
- ഭക്ഷ്യ സ്വയംപര്യാപ്തത സാധ്യമെങ്കിലും സര്‍ക്കാര്‍ ഇടപെടുന്നില്ല. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ കൃഷി പ്രോത്സാഹിപ്പിച്ചാല്‍, മിക്കവാറും കുടുംബങ്ങള്‍ക്കും പച്ചക്കറി മുതലായവ ഉല്‍പാദിപ്പിക്കാം. വീട് നിര്‍മ്മാണം, ആഢംബര കാറുകള്‍ പോലുള്ള ഉല്‍പാദനക്ഷമമല്ലാത്ത മേഖലകളിലാണു പ്രവാസികള്‍ പണം മുടക്കുന്നത്.
- മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ വേതനം കൂടുതലാണ്. കേരളത്തില്‍ പുരുഷനു 800 നും 1200 നുമിടയിലാണു കൂലിയെങ്കില്‍, 380 രൂപയാണു മറ്റിടങ്ങളില്‍. സ്ത്രീകള്‍ക്ക് 180 രൂപയാണെങ്കില്‍ കേരളത്തില്‍ 500-700 രൂപയും.#kerala