ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ പ്രഖ്യാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ചില സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിയതികളും നാളെ തന്നെ പ്രഖ്യാപിക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുക.
നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ 16 ന് അവസാനിക്കും. അതിന് മുമ്പ് പുതിയ സഭ രൂപീകരിക്കണം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് മുതല്‍ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. അരുണാചല്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷാവസാനം വോട്ടെടുപ്പ് നടത്തും.മാതൃകാ പെരുമാറ്റച്ചട്ടം എന്നാല്‍ തിരഞ്ഞടുപ്പു വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും സര്‍ക്കാരിനും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്കും പ്രസംഗങ്ങള്‍, പ്രഖ്യാപനങ്ങള്‍, തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍, പൊതു പെരുമാറ്റം എന്നിവ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഒരു കൂട്ടമാണ്. ഇത് ലംഘിക്കുന്നത് അയോഗ്യതയിലേക്ക് വരെ നയിക്കും.
കഴിഞ്ഞ തവണ ലോക്സഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 10 നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ 11 മുതല്‍ ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്ന് മെയ് 23 ന് ഫലം പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് മുതല്‍ എട്ട് ഘട്ടങ്ങളിലായി നടന്നേക്കും എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ക്കൊപ്പമാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക. അരുണ്‍ ഗോയല്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിംഗും കമ്മീഷന്‍ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടുത്.
ഫെബ്രുവരി 14 ന് വിരമിച്ച അനുപ് ചന്ദ്ര പാണ്ഡെയ്ക്കും ഗോയലിനും പകരമാണ് ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവരെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഉന്നതതല സെലക്ഷന്‍ സമിതിയുടെ യോഗത്തിന് ശേഷമാണ് ഇരുവരേയും നിയമിച്ചത്.#election