കണ്ണൂർ: വന്ദേഭാരത് ട്രെയിൻ വന്നതോടെ കെ റെയിലിന്റെ ആവശ്യകത ഒന്നുകൂടി ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ വരുമാനമാണ് വന്ദേഭാരതിന്റെ കേരള സെക്ടറിൽ നിന്നു ലഭിക്കുന്നത്. വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പുതിയ ട്രാക്ക് വന്നാലേ ദുർഗതി മാറുമെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട് .എന്ത് പേരിട്ട് വിളിച്ചാലും നല്ല വേഗതയിൽ വണ്ടി ഓടിക്കാൻ പറ്റുന്ന ട്രാക്ക് വേണമെന്ന് യാത്രക്കാരും നാട്ടുകാരും ആഗ്രഹിക്കുന്നു. അതിന് കേന്ദ്ര സർക്കാരിന്റെ അനുമതിയാണാവശ്യം-മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഹകരിച്ചിരുന്നുവെങ്കിൽ നവകേരള സദസ് വേദിയിൽ രാഷ്ട്രീയം പറയേണ്ടി വരില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാരിന്റെ പൊതു കാര്യങ്ങൾ പറയാനാണ് സദസ് സംഘടിപ്പിക്കുന്നത്. എൽ.ഡി.എഫ് വക്താക്കളായല്ല മുഖ്യമന്ത്രിയും മന്ത്രിമാരും സദസിൽ പങ്കെടുക്കുന്നത്. പ്രതിപക്ഷം രാഷ്ട്രീയം പറയുമ്പോൾ അതിനു മറുപടി ഇനിയും നവകേരള സദസിലുണ്ടാവും. പരിപാടി പി.ആർ ഏജൻസി ആസൂത്രണം ചെയ്തതാണെന്ന പ്രതിപക്ഷ വിമർശനത്തെപ്പറ്റിയുള്ള ചോദ്യത്തിന്, പി.ആർ ഏജൻസിക്ക് ബുദ്ധി പണയംവച്ചവർക്ക് എന്തും പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസ് ജനമുന്നേറ്റ സദസായി മാറി. സദസ് നടക്കുന്ന ഒാരോ സ്ഥലത്തെയും ചെലവ് മാദ്ധ്യമങ്ങൾക്ക് പരിശോധിക്കാം. സമയത്തിന്റെ പരിമിതി ഉള്ളതുകൊണ്ടാണ് മന്ത്രിമാരുടെ പ്രതിനിധികളായി ഉദ്യോഗസ്ഥർ നിവേദനം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.